Friday, August 18, 2006


വിദ്യുത്‌സഞ്ചലനം


കുതിച്ചുപായാന്‍ തുടിച്ചു നില്‍ക്കുന്ന ഊര്‍ജ്ജമാണ്‌ വൈദ്യുതി. എന്നാല്‍ വൈദ്യുതോപകരണങ്ങളുടെ പ്രതിരോധം തീര്‍ക്കുന്ന തടസ്സം വൈദ്യുതിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നു. ഭിത്തിയിലെ വൈദ്യുതസ്രോതസ്സിന്റെ രണ്ടു ദ്വാരങ്ങളും (live/phase/hot and neutral) ഒരു ഫിലമന്റ്‌ വഴി കൂട്ടിമുട്ടിച്ചാല്‍ ഫിലമന്റ്‌ പ്രകാശിക്കും. ഫിലമെന്റിന്റെ പ്രതിരോധം വൈദ്യുതപ്രവാഹത്തെ നിയന്ത്രിക്കുകയും ചെയ്യും. ഫിലമന്റ്‌ മാറ്റി ഒരു ചെമ്പുകമ്പിയാക്കിയാലോ? പുറത്തെ വൈദ്യുതക്കാലില്‍ നിന്നു വീട്ടിലേക്ക്‌ അനിയന്ത്രിതമായി വൈദ്യുതി ഒഴുകും. ഈ അവസ്ഥക്കാണ്‌ ഷോര്‍ട്ട്‌ എന്നു പറയുന്നത്‌. വീട്ടിനുള്ളില്‍ വലിച്ചിരിക്കുന്ന കമ്പികള്‍ക്ക്‌ ഇത്രയും വൈദ്യുതി താങ്ങാനുള്ള കെല്‍പ്പില്ല. കമ്പി ചുട്ടു പഴുക്കാം, വീടിനു തീ പിടിക്കാം. ശരിയായ ഒരു ഫ്യൂസ്‌ വൈദ്യുതപാതയില്‍ ഉണ്ടെങ്കില്‍ വീടിനു പകരം ഫ്യൂസ്‌ കത്തും. ഫ്യൂസ്‌ തന്നെ സാങ്കേതികമായി പുരോഗമിച്ച രൂപത്തില്‍ വരുന്നതാണ്‌ സര്‍ക്ക്യൂട്ട്‌ ബ്രേക്കര്‍. ഇനി, ഫിലമെന്റൂം ചെമ്പുകമ്പിയും ഒരുമിച്ച്‌ കടത്തി വച്ചാലോ? അപ്പോഴും ഷോര്‍ട്ട്‌ തന്നെ. കാരണം, വൈദ്യുതി പ്രതിരോധം കൂടിയ ഫിലമെന്റിനെ അവഗണിച്ച്‌ ചെമ്പുകമ്പിയിലൂടെ പായും. ഫ്യൂസ്‌ പിന്നെയും പോകും. പലരും ഫ്യൂസ്‌ പോകുന്നത്‌ ഒഴിവാക്കാന്‍ ഫ്യൂസ്‌ കമ്പി മാറ്റി ചെമ്പ്‌ കമ്പി കെട്ടാറുണ്ട്‌. അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ.നിര്‍ഭാഗ്യവശാല്‍ വൈദ്യുതോപകരണത്തിന്റെ അകത്ത്‌ ഒരു കമ്പി അതിന്റെ പുറംചട്ടയില്‍ മുട്ടി ഇരിപ്പുണ്ടെന്ന് വയ്ക്കുക. പുറംചട്ടയില്‍ നിന്നും മണ്ണിലേക്ക്‌ ഒരു കമ്പി കെട്ടിയിട്ടുണ്ടെങ്കില്‍ വൈദ്യുതി മണ്ണിലേക്കൊഴുകിക്കൊള്ളും. ഇതാണ്‌ എര്‍ത്ത്‌ അഥവാ ഗ്രൌണ്ടിന്റെ ധര്‍മ്മം. വൈദ്യുതിയുടെ ഈ കുത്തൊഴുക്കില്‍ ഫ്യൂസ്‌ ഉണ്ടെങ്കില്‍ സ്വിച്ചിടുമ്പോള്‍ തന്നെ അടിച്ച്‌ പൊയ്ക്കൊള്ളും. കഴിഞ്ഞ തവണ കപ്പക്ക്‌ ഇടകിളച്ചപ്പോള്‍ എര്‍ത്ത്‌ കമ്പി മുറിഞ്ഞുപോയെങ്കില്‍ ഈ വിദ്യ ഫലിക്കില്ല. ഇനി, വെറും തറയില്‍ നിന്നുകൊണ്ട്‌ വൈദ്യുതി വരുന്ന കമ്പിയിലാണ്‌ പിടിക്കുന്നതെങ്കിലോ? ഇവിടെ ശരീരത്തിന്റെ പ്രതിരോധം കാരണം വൈദ്യുതിയുടെ കുത്തൊഴുക്കില്ലാത്തതിനാല്‍ ഫ്യൂസും സര്‍ക്ക്യൂട്ട്‌ ബ്രേക്കറും പ്രവര്‍ത്തിക്കില്ല. ഇവിടെ വരികയും പോകുകയും ചെയ്യുന്ന വൈദ്യുതിയെ നിരീക്ഷിക്കുകയും, കണക്കില്‍ പെടാതെ മണ്ണിലേക്കൊഴുകയാണെങ്കില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രത്യേക തരം സര്‍ക്ക്യൂട്ട്‌ ബ്രേക്കര്‍ (RCD/GFCI) വേണം. ഇത്‌ പക്ഷേ വീട്‌ മുഴുവനായി സ്ഥാപിക്കാറില്ല. വൈദ്യുതി വരുന്ന കമ്പിയിലും (phase) പോകുന്ന കമ്പിയിലും (neutral) കൂട്ടി പിടിച്ചാല്‍ ഒരു സംരക്ഷണ സംവിധാനത്തിനും രക്ഷിക്കാനാവില്ല. കാരണം, ഈ അവസ്ഥയില്‍ പിടിച്ച ആള്‍ ഒരു വൈദ്യുതോപകരണത്തിനു തുല്യമാണ്‌.

സാധാരണ വീടുകളില്‍ പുറത്തുള്ള തൊഴുത്ത്‌, കുളിമുറി മുതലായവയിലേക്ക്‌ അലക്ഷ്യമായി വൈദ്യുത കമ്പി വലിക്കാറുണ്ട്‌. മിക്കവാറും ഇത്‌ തുണി ഉണക്കുന്ന ഒരു കമ്പി അയയുടെ മുകളിലൂടെ ആവും. നിരന്തരമായ ഉരസലിലൂടെയും സൂര്യപ്രകാശത്തിന്റെ പ്രവര്‍ത്തനഫലമായും വൈദ്യുതകമ്പിയുടെ പുറംചട്ട ദ്രവിച്ചു പോകുകയും വൈദ്യുതാഘാതത്തിനിടയാകുകയും ചെയ്യും. വൈദ്യുതി ശേഖരിച്ചു വക്കുന്ന കപ്പാസിറ്ററുകള്‍ ഉള്ള ഉപകരണങ്ങള്‍ ആകട്ടെ, വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു ശേഷവും അപകടകരമാകാം.

കൂടുതല്‍ വായിക്കാന്‍

http://www.safety.ed.ac.uk/policy/part3/part3.shtm
http://en.wikipedia.org/wiki/Residual-current_device

6 Comments:

Blogger തറവാടി said...

ശാസ്ത്രസത്യങ്ങള്‍ല്‍ ജനങ്ങളില്‍ എത്തിക്കാനുള്ള താങ്കളുടെ ശ്രമം പ്രശംസനീയം.

2:10 PM  
Blogger viswaprabha വിശ്വപ്രഭ said...

പതിവുപോലെത്തന്നെ, എത്ര ലളിതമായാണു സീയെസ്സ് ഇത്ര വലിയ, പ്രാധാന്യവും പ്രയോജനവുമുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്!

2:56 PM  
Blogger Adithyan said...

സീയസ്, വളരെ നന്നായിരിയ്ക്കുന്നു.
ലളിതമായി മനസിലാവുന്ന രീതിയില്‍ പറഞ്ഞിരിയ്ക്കുന്നു.

3:23 PM  
Blogger ദേവന്‍ said...

സീയെസ്സിന്റെ ലേഖനം ഉണ്ടെന്ന് കണ്ടപ്പോഴേ എല്ലാം നിര്‍ത്തി ഇങ്ങോട്ടു പോന്നു.

കറണ്ട്‌ എനിക്കിട്ടു താങ്ങിയിട്ടുണ്ട്‌, അതോണ്ട്‌ അതിന്റെ സുഖം നന്നായി അറിയാം! ലേഖനത്തിനു നന്ദി. ELCB വയ്ക്കേണ്ട ആവശ്യം ഇപ്പോ എല്ലാവര്‍ക്കും മനസ്സിലായി വരുന്നുണ്ടെന്നു തോന്നുന്നു. (കറണ്ട്‌ മോഹന്‍ എന്ന അത്ഭുത മനുഷ്യനെ അറിയുമോ സീയെസ്സ്‌? മൂപ്പര്‍ എന്റെ ഒരു പരിചയക്കാരന്റെ വീട്‌ വയര്‍ ചെയ്യുന്നത്‌ ഒരിക്കല്‍ കാണാന്‍ ഇടയായിട്ടുണ്ടേ)

കപ്പാസിറ്ററിന്റെ വൈദ്യുതിക്കെണിയെക്കുറിച്ച്‌ പറഞ്ഞത്‌ വളരെ ഉചിതമായി. എനിക്കിട്ടു താങ്ങിയ കറണ്ട്‌ ഒരു പമ്പിന്റെ കപ്പാസിറ്ററില്‍ ഒളിച്ചിരുന്നതായിരുന്നു.

1:30 AM  
Blogger വളയം said...

നിത്യജീവിതത്തില്‍ നാം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളിലെ കാണാക്കെണികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഉപകരപ്രദമായിരിക്കും.

2:51 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

മനോഹരം ആയിരിക്കുന്നു സീയെസ്സ്‌ ചേട്ടാ. ശാസ്ത്ര സത്യങ്ങള്‍ ഇത്ര ളളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ്‌ അനുപമം തന്നെ.

5:56 AM  

Post a Comment

Links to this post:

Create a Link

<< Home

all content ©SEEYES