Friday, March 17, 2006


ആഗോളതാപനം


ആഗോളതാപനവും ചുഴലിക്കൊടുങ്കാറ്റുകളും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നു പറഞ്ഞാല്‍ അടി കിട്ടുമെന്നുള്ളതാണവസ്ഥ. കൊടുങ്കാറ്റുകളുടെ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നതിന് ഒരു സ്വാഭാവിക ചക്രമുണ്ടെന്നും അതും കടലിന്റെ ഊഷ്മാവുമായി ബന്ധമില്ലെന്നുമാണ് ഇതുവരെ പറഞ്ഞു വന്നിരുന്നത്. എന്നാല്‍ ഇന്നു സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണുന്നു.

വെയിലത്ത് ചില്ലിട്ട കാറിനകം ക്രമാതീതമായി ചൂടാവുമല്ലോ. ഇതുപോലൊരു പ്രക്രിയയാണ് ആഗോളതാപനത്തിനു കാരണമായ ഗ്രീന്‍ഹൌസ് പ്രതിഭാസത്തിനു കാരണം. ഊര്‍ജ്ജം കൂടിയ പ്രകാശ രശ്മികള്‍ക്ക് അന്തരീക്ഷ വാതകങ്ങളെ ഭേദിച്ച് സൂര്യനില്‍ നിന്നും ഭൂമിയിലേക്കു കടക്കാന്‍ കഴിയും. പക്ഷെ ഭുമിയില്‍ നിന്നും പ്രതിഫലിക്കുന്ന താപരശ്മികള്‍ക്ക് ഈ വാ‍തകങ്ങളെ ഭേദിക്കാനുള്ള ശക്തിയില്ല. ഇതും, ഇതുമൂലമുണ്ടാകുന്ന താപവറ്ധനയും പ്രകൃതിയുടെ ഒരു സ്വാഭാവിക അവസ്ഥയാണ്. ഭൂമി തണുത്തുറഞ്ഞ് പോകാതെ ജീവന്‍ നില നിര്‍ത്തുന്നതിതാണ്. പക്ഷേ അടുത്ത കാലത്തായി മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡയോക്സൈഡ്, മീതേന്‍ മുതലായ വാതകങ്ങളുടെ സാന്നിദ്ധ്യം മൂലം ഈ താപനത്തിന്റ്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അമേരിക്കന്‍ വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞ് അമേരിക്കന്‍ ഭരണകൂടം കാര്‍ബണ്‍ ഡയൊക്സൈഡ് കുറക്കുന്നതിനെതിരെ പുറം തിരിഞ്ഞു നില്‍പ്പാണ്.

സായിപ്പ് പറയുന്നത് ഇന്ത്യന്‍ പശുക്കളിടുന്ന ചാണകം പുറപ്പെടുവിക്കുന്ന മീതേന്‍ ഈ താപനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ്. ആഗോളതാപനത്തില്‍ ഇന്ത്യയുടെ മൊത്തം സംഭാവന ഏതാണ്ട് 3% ആണ്. അതില്‍ പശുക്കളുടെ പങ്ക് വളരെ കുറവാകാനേ വഴിയുള്ളു.

9 Comments:

Blogger ദേവന്‍ said...

ലോക ജനസംഖ്യയുടെ പാതി ജീവിക്കുന്ന ഇന്ത്യ- ചൈന മേഖല ഒത്തു ചേര്‍ത്തു കണക്കു കൂട്ടുമ്പോള്‍ ഗ്രീന്‍ ഹൌസ് ഗ്യാസുകളുടെ 5% നു അടുത്തു മാത്രമേ ഉത്തരവാദികള്‍ ആകുന്നുള്ളുവെന്നും അമേരിക്കപോലെയുള്ള ജനസംഖ്യ കുറഞ്ഞ പാപികള്‍ ഇതിനെക്കാളൊക്കെ ഭയങ്കര നാശമാണു ചെയ്യുന്നതെന്നും നാറ്റ് ജ്യോ ഈ അടുത്ത സമയത്തെപ്പോഴോ നിരീക്ഷിച്ചിരുന്നു. വാള്‍ പോസ്റ്ററും ചവറും തിന്നു ജീവിക്കുന്ന പാവം ഹിന്ദിപ്പശു എന്തിനെല്ലാം സമധാനം പറയണം ഈശ്വരാ!

11:52 PM  
Blogger myexperimentsandme said...

ഈ പച്ചവീട് വാതകങ്ങളെല്ലാം കൂടി ചൊവ്വായിലേക്ക് കുത്തിവെച്ചാൽ അവിടുത്തെ ഐസൊക്കെ ഉരുക്കി വെള്ളമാക്കി ജീവിക്കാനുള്ള സെറ്റപ്പുണ്ടാക്കാമെന്നും പറയുന്നു.ഈ വാതകങ്ങളെല്ലാം കൂടി ഒരു കുഴലുവെച്ച് ചൊവ്വായിലേക്കയക്കാൻ വല്ല വഴിയുമുണ്ടോ എന്തോ....

ആശാന് കളീം ചിരീം, അടിയന് വേവും ചൂടും... ഇവിടെ നമ്മളൊക്കെ ഉരുകുമ്പോൾ കുറേക്കഴിയുമ്പോൾ ചൊവ്വായിലടിപൊളി. വിസ വേണമോ ആവോ..

1:01 AM  
Blogger Kalesh Kumar said...

ഇന്ററസ്റ്റിംഗ് ലേഖനം!
ദേവന്റെയും വക്കാരിയുടേയും കമന്റുകളും രസകരം!

12:33 AM  
Blogger SEEYES said...

നന്ദി സുഹൃത്തുക്കളേ. പശുക്കളെ ചൊവ്വയിലേക്കു മാറ്റിക്കെട്ടിയാല്‍ പല പ്രശ്നങ്ങളും പരിഹരിക്കാം എന്നു തോന്നുന്നു. ചാണകത്തില്‍ നിന്നു വാനില വേര്‍തിരിച്ചെടുക്കാമെന്നും ഈയിടെ വായിച്ചു.

11:08 AM  
Blogger കല്ലേച്ചി|kallechi said...

എനിക്ക് വളരെ ഇഷ്ടമുള്ള വിഷയമാണ് ശാസ്ത്രം. അതിനാല്‍ അത്തരം ലേഖനങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. വിശേഷിച്ചും നാച്ച്വറിലും സയന്‍സിലും വരുന്ന തരത്തിലുള്ളവ. സ്റ്റീഫന്‍ ഹൊക്കിംഗ്സിനെകുരിച്ചുള്ള ഒരു ലേഖനം അടുത്തുതന്നെ കല്ലേച്ചിയില്‍ വായിക്കാം.

2:07 PM  
Blogger viswaprabha വിശ്വപ്രഭ said...

ഒരു സംശയം!

ഈ രണ്ടു ബ്ലോഗുകളും (കമന്റുകളും) ഇതുവരെ പിന്മൊഴികളിലേക്കയച്ചുതുടങ്ങിയിട്ടില്ലേ?
ഇല്ലെങ്കില്‍ അതൊരു മഹാപരാധം തന്നെയാണു കേട്ടോ!

8:34 PM  
Blogger keralafarmer said...

പശുവളർത്തുന്ന എനിക്കൊരു സംശയം പശുവിന്റെ ചാണകം ആഗോള താപനത്തിന്‌ കാരണമാകുമെങ്കിൽ നാളെ അതിൽ നിന്നുണ്ടാകുന്ന ബയോഗ്യാസ്‌ ആഗോളതാപനം പതിന്മടങ്ങ്‌ വർദ്ധിക്കുമെന്ന്‌ ഒപ്പേക്ക്‌ രാജ്യങ്ങളും പറയുമോ?
ലേഖനം വിജ്ഞാനപ്രദം തന്നെ

8:26 PM  
Blogger SEEYES said...

ബയോഗ്യാസിന്റെ ഉപയോഗം ആഗോളതാപനം കുറക്കുകയേ ഉള്ളു. ചാണകത്തില്‍ നിന്ന് വരുന്ന മീതേന്‍ വാതകമാണ് താപനത്തിനു കാരണമാകുന്നത്. അതിനെ കത്തിച്ച് കാര്‍ബണ്‍‌ഡയോക്സൈഡ് ആക്കി മാറ്റുന്നതു വഴി അതിനെ കൂടുതല്‍ നിരുപദ്രവകാരി ആക്കി മാറ്റാം. ആഗോളതാപനത്തിന് കാര്‍ബണ്‍‌ഡയോക്സൈഡിനുള്ള ശേഷി, മീതേനെ അപേക്ഷിച്ചു വളരെ കുറവാണ്.

2:00 PM  
Blogger prapra said...

ലോകത്തെ ചൂട് പിടിപ്പിക്കാന്‍ മാത്രം പശുക്കള്‍ ഉണ്ടോ എന്നായിരുന്നു എന്റെ സംശയം. ഉണ്ട് എന്ന് ഇപ്പോള്‍ തോന്നുന്നു. ലോകത്തുള്ള 150 കോടി (1.5B) പശുക്കളില്‍ ഭാരതത്തിന്റെ സംഭാവന 25% ശതമാനം ആണത്രെ. 37.5 കോടി; വിശ്വസിക്കണോ?

3:39 PM  

Post a Comment

<< Home

all content ©SEEYES